അര്‍ഹതപ്പെട്ടവര്‍ക്ക് മുന്നില്‍ റേഷന്‍ വിഹിതം എത്തണം

by admin

ആദിവാസി ഊരുകളില്‍ ഇനി റേഷന്‍ നേരിട്ടെത്തും; സഞ്ചരിക്കുന്ന റേഷന്‍ കടയ്ക്ക് തുടക്കം

post

പത്തനംതിട്ട : ജനങ്ങളെ ചൂഷണം ചെയ്യാതെ അര്‍ഹതപ്പെട്ടവര്‍ക്ക് മുന്നില്‍ റേഷന്‍ വിഹിതം എത്തണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അടിച്ചിപ്പുഴ സാംസ്‌കാരിക നിലയത്തില്‍ ആദിവാസി ഊരുകളിലേക്ക് റേഷന്‍ വാതില്‍പ്പടി വിതരണത്തിന് ആരംഭിച്ച സഞ്ചരിക്കുന്ന പൊതുവിതരണ വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ഭരണത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും അറിയാനായി വകുപ്പിന്റെ വികസനത്തിനായി ഫോണ്‍ ഇന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ 60 ശതമാനം ഫോണ്‍ വിളികളും അനര്‍ഹരായ റേഷന്‍ കാര്‍ഡ് ഉടമകളെ സംബന്ധിച്ചായിരുന്നു. ശേഷം അനര്‍ഹരായവരില്‍ നിന്നും അര്‍ഹരായവരിലേക്ക് മുര്‍ഗണനാ കാര്‍ഡുകള്‍ എത്തുന്നതിനായി പദ്ധതി രൂപീകരിച്ചു. ഇത് സംബന്ധിച്ച നിയമനടപടികള്‍ സ്വീകരിച്ചാണ് പരിപാടി നടപ്പിലാക്കി വന്നത്. ഇത്തരത്തില്‍ 1,16,000 കാര്‍ഡുകള്‍ അനര്‍ഹരില്‍ നിന്നും ലഭ്യമായി. ഇത്തരത്തില്‍ ബിപിഎല്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരെ അവ തിരികെ വകുപ്പിന് ഏല്‍പ്പിക്കാനുള്ള പ്രോത്സാഹനം നല്‍കണം. ഒരാള്‍ പിന്മാറിയാലേ മറ്റൊരാള്‍ക്ക് സഹായമാകൂ. ഈ കാര്യത്തില്‍ ജനങ്ങള്‍ നന്നായി സഹകരിച്ചു. ആദിവാസി മേഖലകളിലെ ആളുകള്‍ റേഷന്‍ വാങ്ങുന്നതിനായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നം നേരിടുന്നെന്ന് മനസിലായതിനേ തുടര്‍ന്നാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയത്. ജനങ്ങളെ ചൂഷണം ചെയ്യാതെ അവര്‍ക്ക് അര്‍ഹമായത് അവരുടെ കണ്‍മുന്നില്‍ എത്തിക്കണം. റേഷന്‍ കടകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആവശ്യമെങ്കില്‍ അദാലത്ത് നടത്തി തീര്‍പ്പ് നല്‍കും. സപ്ലൈക്കോ വിതരണ കേന്ദ്രങ്ങളില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന് മുന്‍പ് സുഭിക്ഷാ പദ്ധതി റാന്നി മണ്ഡലത്തില്‍ നടപ്പിലാക്കണം. ഇതു സംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ സപ്ലൈ ഓഫിസറും ചേര്‍ന്ന് ഏകോപനം നടത്തണം. പൊതുവിതരണ വാഹനം ആദി കോളനികളിലെത്തുന്നത് പാതിവഴിയില്‍ ഉപേക്ഷിക്കരുതെന്നും വിവിധ ഊരുകളില്‍ ഇതിന്റെ പ്രയോജനം എത്തണമെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page