മാംസ വില്‍പ്പനശാലകളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കണം. കോഴി ഇറച്ചിക്ക് ക്രമാതീതമായി വില കയറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി അമിതവില ഈടാക്കുന്നത് തടയുന്നതിനും മാംസ വില്‍പ്പനശാലകള്‍/ ചിക്കന്‍ വില്‍പ്പനശാലകള്‍/ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക കര്‍ശനമായും പ്രദര്‍ശിപ്പിക്കുന്നതിനും തൃശൂര്‍ താലൂക്കില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. കിഴക്കേ കോട്ട, നെല്ലിക്കുന്ന്, അഞ്ചേരി, ഒല്ലൂര്‍, കുരിയച്ചിറ, ശക്തന്‍ തമ്പുരാന്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണവകുപ്പ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന കര്‍ശനമാക്കി. വില്‍പന വില പ്രദര്‍ശിപ്പിക്കുന്നതിനും വിലവര്‍ദ്ധന തടയുന്നതിനും വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടത്തുന്നതാണെന്ന് ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.