കോവിഡ് രോഗവ്യാപനം : തുമ്പോളിയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു

by admin

post

ആലപ്പുഴ : ആലപ്പുഴ നഗരസഭയ്ക്ക് കീഴിലുള്ള തീരദേശ വാര്‍ഡുകളായ തുമ്പോളി, മംഗലം, കാഞ്ഞിരംചിറ, വാടക്കാനാല്‍ വാര്‍ഡുകളില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാര്‍ഡ് നിവാസികള്‍ക്ക് സൗജന്യ ഭക്ഷണം എത്തിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുമ്പോളി ഇടവക പള്ളിയുടെ പാരിഷ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴ നഗരസഭയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം നിയുക്ത എംഎല്‍എ പി പി ചിത്തരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡോ. ലിന്റാ ഫ്രാന്‍സ്, പി റഹിയാനത്ത്, പി ജി എലിസബത്ത്, കെ എ ജെസ്സിമോള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

നാലു വാര്‍ഡുകളിലായി 1200 പേര്‍ക്കാണ് ആദ്യദിനം ഭക്ഷണം വിതരണം ചെയ്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷണം എത്തിച്ചു നല്‍കാന്‍ കഴിയുമെന്നും ഭക്ഷണം ആവശ്യമായുള്ളവര്‍ പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറുമായി ബന്ധപ്പെടണമെന്നും എംഎല്‍എ അറിയിച്ചു. നിലവില്‍ കോവിഡ് രോഗബാധികര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമാണ് സൗജന്യ ഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നത്.

You may also like

Leave a Comment

You cannot copy content of this page