മൃതദേഹം വിട്ടുനല്‍കാന്‍ പ്രത്യേക നടപടി ക്രമം
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജിലെ കോറോണ ട്രയാജിൽ ആംബുലൻസിൽ വരുന്ന രോഗികളെ എത്രയും വേഗം ട്രയാജിന് ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിനുള്ള സത്വര നടപടികളായി. ഇതിനായി ഒരു സെക്യൂരിറ്റി ജീവനക്കാരനെയും, ഒരു ഗ്രേഡ് 2/ കുടുംബശ്രീ ജീവനക്കാരനെയും ചുമതലപ്പെടുത്തി. ഇവർ 24 മണിക്കൂറും ജോലിയില്‍ ഉണ്ടായിരിക്കും. അമ്പലപ്പുഴ എം.എൽ.എ. എച്ച് സലാമിന്റെ നേതൃത്വത്തിൽ കളക്ടർ അദ്ധ്യക്ഷത വഹിച്ച യോഗതീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ സൂപ്രണ്ട് ഡോ.വി. രാംലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തിരുമാനം.
എന്തെങ്കിലും കാരണത്താല്‍ ഓക്സിജൻ കുറവ് കാണുന്ന പക്ഷം ട്രയാജിൽ തന്നെ ഓക്സിജൻ തെറാപ്പി നൽകേണ്ടതും ഇതിനായി സജ്ജീകരിച്ചിരിക്കുന്ന ട്രാൻസ്പോർട്ട് വെന്റിലേറ്ററിൽ ഘടിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതിന് പുറമേ ഓക്സിജൻ കോൺസെൻട്രേറ്ററുകളും സജ്ജീകരിക്കും. ട്രയാജിൽ രോഗികളെ വാർഡുകളിലേയ്ക്ക് കൊണ്ട് പോകാനും ഓക്സിജൻ സിലണ്ടറുകൾ കൈകാര്യം ചെയ്യുന്നതിനും 2 ജീവനക്കാരെ 24 മണിക്കൂറും നിയമിക്കുന്നതാണ്. ട്രയാജിൽ മരണമടയുന്നവരുടെ ശരീരം ഈ ജീവനക്കാർ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. ഒന്നാം വാർഡിന്റെ ഓക്സിജൻ പൈപ്പ് ലൈൻ പൂർത്തിയാകുന്ന മുറക്ക് ട്രയാജ് സൗകര്യം വിപുലപ്പെടുത്തുന്നതാണ്. ഇതിനായി 5 വീൽചെയറുകളും, 5 ട്രോളികളും വാങ്ങാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുന്നതാണ്. മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 4 അറ്റൻഡർമാരെ കൂടുതലായി നിയമിക്കുന്നതാണ്.
മരണം തീർച്ചപ്പെടുത്തിയത് മുതൽ 3 മണിക്കൂറിനുള്ളിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയോ മാറ്റുകയോ ചെയ്യേണ്ടതാണ്. മൃതദേഹ സംബന്ധമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കോവിഡ് ഔട്ടിൽ മെഡിക്കൽ ഓഫീസർമാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതാണ്. മൃതദേഹങ്ങൾ വാർഡിൽ നിന്ന് കഴിയുന്നതും നേരത്തെ മാറ്റേണ്ടതും അപ്പോൾ തന്നെ അണുനശീകരണം ആരംഭിക്കേണ്ടതാണ്. വാർഡിലെ ജീവനക്കാർ തന്നെ ഇത് ആരംഭിക്കണം. ഡെത്ത് കെയർ കൊടുക്കുന്ന സ്റ്റാഫിന്റെ ഉപയോഗത്തിനായി ഒരു സാധാരണ സെൽ ഫോൺ വാങ്ങി നൽകാൻ തീരുമാനിച്ചു.
മെഡിക്കോ ലീഗൽ അല്ലാത്ത മരണങ്ങൾ കോവിഡ് ഔട്ടിൽ ഉള്ള ജെ.ആർ. സാക്ഷ്യപ്പെടുത്തും. മെഡിക്കോ ലീഗൽ കേസുകൾ മെഡിക്കൽ ഓഫീസർ തന്നെ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
രോഗികളുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വരുമ്പോൾ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള അഫിഡവിറ്റ് വെള്ളപ്പേപ്പറിൽ എഴുതി നൽകാനും, തിരിച്ചറിയൽ കാർഡ് കോപ്പി എടുക്കാൻ കഴിയുന്നില്ല എങ്കിൽ ഡ്യൂട്ടിയിൽ ഉള്ള സെക്യൂരിറ്റി സൂപ്പർവൈസറുടെ മൊബൈലിലേയ്ക്ക് ഡിജിറ്റൽ ആയി സ്വീകരിക്കാനും ദിവസം കോപ്പി ആക്കി ഫയലിൽ സൂക്ഷിക്കുവാനും നിർദ്ദേശിച്ചു.
മൃതദേഹങ്ങൾ ഏതെങ്കിലും കാരണവശാൽ നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് സൂപ്രണ്ട് / ആർ.എം.ഓയെ ബോധ്യപ്പെടുത്തേണ്ടതാണ്. അകാരണമായ താമസം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കും. കുടിവെള്ളം ഭക്ഷണം എന്നിവ രോഗികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നേഴ്സിംഗ് സൂപ്രണ്ട് മാരെ ചുമതലപ്പെടുത്തി.
രോഗികളുടെ ആഭരണങ്ങൾ ഊരിമാറ്റാൻ ഉണ്ടെങ്കിൽ ആയത് 2 സാക്ഷികളുടെ സാന്നിധ്യത്തിൽ ആയിരിക്കണം. അത് കൃത്യമായി പ്രോപ്പർട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി നേഴ്സിംഗ് സൂപ്രണ്ടിനേയും, മെഡിക്കൽ സൂപ്രണ്ടിനെയും അറിയിക്കണമെന്നും അവയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും എല്ലാ വാർഡിലെയും എല്ലാ ഹെഡ് നേഴ്സുമാർക്കും നിർദ്ദേശം നൽകി. അസാധാരണ സാഹചര്യത്തിൽ എത്രയും വേഗം പോലീസ് എയ്ഡ് പോസ്റ്റിലും അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.