നൂതന സ്‌പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും

by admin
ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ സ്‌പൈന്‍ ഇന്‍ജ്വറി റീഹാബ് ഡെഡിക്കേറ്റഡ് യൂണിറ്റ് ആരംഭിച്ചത്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ.
നട്ടെല്ലിനുണ്ടാകുന്ന പരിക്കിനെ തുടര്‍ന്ന് ഭൂരിഭാഗം പേരും കിടപ്പുരോഗികളാകുന്ന സാഹചര്യമാണ് രാജ്യത്താകെയുള്ളത്. പരിക്കുകള്‍ക്കായി ചികിത്സ പൂര്‍ത്തിയാക്കുമെങ്കിലും ശേഷമുള്ള റീഹാബിലിറ്റേഷന്‍ നടപടികള്‍ കാര്യക്ഷമായി നടക്കാറില്ല. വെല്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സംസ്ഥാനത്തെ ചില വന്‍കിട സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മാത്രമാണ് നിലവില്‍ സ്‌പൈനല്‍ ഇന്‍ജ്വറി റീഹാബ് യൂണിറ്റുകളുള്ളത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പൂര്‍ണമായ റീഹാബിലിറ്റേഷന്‍ സാധ്യമാകാറുമില്ല. മാത്രമല്ല സാധാരണക്കാര്‍ക്ക് ലഭ്യമാകാത്ത വിധം ചെലവേറിയതുമാണ്. ചികിത്സയ്ക്കു ശേഷം ഫിസിയോതെറാപ്പി പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും ഇവരില്‍ പലര്‍ക്കും പരാശ്രയമില്ലാതെ ദൈനംദിന ജീവിതം സാധ്യമാകാറില്ല.
വാഹനാപകടങ്ങളിലുള്‍പ്പടെ യുവാക്കളാണ് നട്ടെല്ലു തകര്‍ന്നുള്ള പരിക്കുകള്‍ക്ക് വിധേയമാകുന്നവരില്‍ കൂടുതല്‍. പലരും കുടുംബത്തിന്റെ തന്നെ അത്താണിയായിട്ടുള്ളവരുമാകും. ചികിത്സയ്ക്കു ശേഷം കിടപ്പു രോഗികളാകുന്നതോടെ കുടുംബത്തിന്റെ താളം പോലും തെറ്റുന്ന സാഹചര്യമുണ്ടാകുക പതിവാണ്. ഇതിനൊരു പരിഹാരമാണ് നിപ്മറിലെ സ്‌പൈനല്‍ ഇന്‍ജ്വറി റീഹാബ് യൂണിറ്റ്. ചികിത്സയ്ക്കു ശേഷം ഫിസിയോതെറാപ്പി, ഒക്യൂപേഷനല്‍ തെറാപ്പി എന്നിവയിലൂടെ മറ്റുള്ളവരുടെ ആശ്രയമില്ലാതെ അനുയോജ്യമായ തൊഴിലിലേക്കിവരെ കൈടിപിടിച്ചുയര്‍ത്തുന്നതു വരെയുള്ള സേവനമാണ് സ്‌പൈനല്‍ ഇന്‍ജ്വറി ഡെഡിക്കേറ്റഡ് യൂണിറ്റിലൂടെ നിപ്മര്‍ ലക്ഷ്യം വയ്ക്കുന്നത്.ദീർഘ കാലം വേണ്ടിവരുന്ന ചികിത്സാച്ചിലവ് താങ്ങാൻ കഴിയാത്ത പാവപ്പെട്ട രോഗികൾക്ക്  സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്റെ  സഹായവും ലഭ്യമാക്കും.
പരിക്കിനെ തുടര്‍ന്ന് രോഗിയിലുണ്ടാകുന്ന സ്വയംപര്യാപ്തതയ്ക്കായി ആദ്യ ആറു മാസത്തിനുള്ളില്‍ തന്നെ ചികിത്സ തുടങ്ങുന്നതാണ് ഉചിതമെന്ന് നിപ്മര്‍ സ്‌പൈനല്‍ ഇന്‍ജ്വറി യുണിറ്റ് മേധാവി ഡോ. സിന്ധുവിജയകുമാര്‍ പറഞ്ഞു.പ്രസ്തുത കാലയളവാണ് വീണ്ടെടുക്കലിന് (neuroplastictiy) അനുയോജ്യമായത്. പരമാവധി രണ്ടു വര്‍ഷത്തിനുള്ളിലെങ്കിലും റീഹാബ് ട്രീറ്റ്‌മെന്റ് തുടങ്ങണമെന്നും ഇവര്‍.
നട്ടെല്ലിനു പരിക്കേറ്റാല്‍ ശരീരം തളര്‍ന്നു പോകുന്ന സാഹചര്യമാണുണ്ടാകുക. കൈ-കാല്‍ ചലിപ്പിക്കുന്നതിനും മലമൂത്രവിസര്‍ജനം നടത്തുന്നതിനും അസാധ്യമായിരിക്കും. സാധാരണ ഇതിനായി കാലങ്ങളോളം ട്യൂബിടുന്ന(Clean Intermittent Catheterization) സാഹചര്യമാണുള്ളത്. ഇത് ശരീരത്തിലുണ്ടാകുന്ന ആര്‍ജിത കഴിവിനെ നിര്‍ജീവമാക്കും. ഫിസിയോതെറാപ്പിയ്ക്കു പുറമെ ഒക്യുപേഷനല്‍ തെറാപ്പിയും മറ്റു പരീശീലനങ്ങളും ലഭ്യമാക്കുക വഴി രോഗിയെ സ്വതന്ത്രമായി പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനും കഠിനമായ കായിക സ്വഭാവമില്ലാത്ത ജോലികളിലേക്കെത്തിക്കാനും കഴിയും. ഇതിനായി കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കുന്നതിനായി പരിശീലനം ലഭിച്ച മെഡിക്കൽ സോഷ്യല്‍ വർക്കർ മാരുടെ സേവനവും സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷനുവേണ്ടി സൈക്കോളജി വിഭാഗവും നിപ്മറിൽ  പ്രവര്‍ത്തിക്കുന്നുണ്ട്.
Reshmi Kartha

You may also like

Leave a Comment

You cannot copy content of this page