ശ്രീ. പി. എസ് സുപാലിന്റെ ശ്രദ്ധ ക്ഷണിക്കലിന് ബഹു.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി നൽകിയ മറുപടി

by admin
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ഫൗണ്ടേഷന്‍ കേരള മുഖേന തോട്ടം മേഖലയിലെ ഭവന രഹിതരായ  തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. കൂടാതെ  തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ
ആര്‍.പി.എല്‍ പുനലൂരിലുള്ള തൊഴിലാളികള്‍ക്ക് ഭവനം
ഫൗണ്ടേഷന്‍ കേരള മുഖേന കുളത്തൂപ്പുഴ എസ്‌റ്റേറ്റില്‍ 40 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിച്ചു വരുന്നു. ഇതില്‍ 6 വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ട്.
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍
നല്‍കുന്നതിന് ആവശ്യമായ ചെലവ് അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍സ്  വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് തോട്ടം മേഖലയില്‍ തന്നെ വാക്‌സിനേഷന്‍ നല്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള സോഷ്യല്‍ സെക്യൂരിറ്റി കോഡ് നിലവില്‍ വരുന്ന മുറയ്ക്ക് തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. പദ്ധതിയില്‍ Optional Coverage ലഭിക്കുന്നതാണ്.
തോട്ടം തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 58 വയസ്സില്‍  നിന്നും 60 ആക്കി ഉയര്‍ത്തി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ബഹു. ഹൈക്കോടതിയില്‍ ഒരു കേസ് നിലവിലുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ വസ്തുതാ വിവരണ പത്രിക (Statement of Facts) സമര്‍പ്പിച്ചിരിക്കുകയാണ്.
തോട്ടങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍, തോട്ടത്തിന്റെ ഘടനയില്‍ മാറ്റം വരുത്താതെ തന്നെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്  ഉപയോഗിക്കാമെന്ന വസ്തുത സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്റേഷന്‍ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെടുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മരണപ്പെടുന്ന തൊഴിലാളികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വനം വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ മരണമടയുന്ന തോട്ടം തൊഴിലാളികളുടെ ആശ്രിതര്‍ക്ക്  തൊഴില്‍ വകുപ്പ് മുഖേന ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കി വരുന്നുണ്ട്.

You may also like

Leave a Comment

You cannot copy content of this page