Kerala Budget Quote
വി പി നന്ദകുമാർ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി & സി.ഇ.
ബജറ്റില്‍ എടുത്തു പറയേണ്ടത് കോവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള 20,000 രൂപയുടെ പാക്കേജാണ്. ഇത് സമയോചിതമായി. കാര്‍ഷിക രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സഹകരണ പദ്ധതികള്‍ കേരളത്തിന്റെ ഭക്ഷ്യ, പച്ചക്കറി ഇറക്കുമതി ആശ്രിതത്വത്തെ കുറക്കാന്‍ സഹായിക്കും. ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം എന്നീ സുപ്രധാന മേഖലകളെ കാര്യമായി പരിഗണിച്ചിട്ടുണ്ട്. വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിന് ആവശ്യമായ നൈപുണികളെ പരിപോഷിപ്പിച്ച് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് നവോന്മേഷം നല്‍കുന്ന പദ്ധതികള്‍ കാലത്തിന്റെ ആവശ്യമാണ്. പുറത്തുപോയ പ്രൊഫഷനലുകളുടേയും തൊഴിലാളികളുടേയും തിരിച്ചുവരവ് ഒരു ആശങ്കയായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതു യുവജനങ്ങളുടെ തൊഴില്‍ക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുന്ന ഈ സാഹചര്യത്തിൽ ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ള ഒരു ബജറ്റ് ആണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ചത്. സാംക്രമിക രോഗങ്ങൾ പടരുന്നതിനാൽ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഐസൊലേഷൻ വാർഡുകളും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നത് ദീർഘകാല അടിസ്ഥാനത്തിൽ പ്രയോജനപ്രദമാകും. തൊഴിലിനും സംരംഭകർക്കും പ്രാമുഖ്യം നൽകിയത് പ്രശംസനീയമാണ്.100 കോടി രൂപയുടെ വെൻച്വർ ക്യാപിറ്റൽ ഫണ്ട് സ്വരൂപിക്കുന്നത് വളരെ പ്രോത്സാഹനകരമാണ്, ഗവൺമെന്റിന് മാത്രമല്ല വാണിജ്യ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും മറ്റ് സംരഭകർക്കും പങ്കാളികളാകാനുള്ള അവസരമുണ്ട്. കെഡിസ്ക് പദ്ധതിയിലും ടെക്നോളജി പ്ലാറ്റുഫോമുകളിലെയും സംരംഭകരുമായി സഹകരിക്കാനുള്ള തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണ്. ബാങ്ക് വായ്പകളിലൂടെയാണ് സംരംഭകരെ സഹായിക്കുവാനായി സർക്കാർ ഉദേശിക്കുന്നത് അതിനൊക്കെ സബ്‌സിഡി നൽകണമെന്ന തീരുമാനവും പ്രത്യേക പ്രശംസ നൽകേണ്ടതാണ്. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ ഇതിനൊക്കെയുള്ള വരുമാനം കണ്ടെത്താനുള്ള പദ്ധതികളും വളരെ ഗൗരവമായി ആലോചിക്കേണ്ടതാണ്.
നാട്ടിലേയ്ക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് വ്യവസ്ഥയിന്മേല്‍ നല്‍കുന്ന വായ്പാ പദ്ധതികളും ടൂറിസം പാക്കേജും സേവന മേഖലയുടെ പുരോഗതിയ്ക്ക് വഴി തെളിക്കുന്നതാണ്.വാക്സിനേഷന്‍ ഉള്‍പ്പെടെ ആരോഗ്യരംഗത്തെ കരുതലിനു നല്‍കുന്ന പ്രാധാന്യം സാധാരണ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സഹായകമാവുമെന്നതില്‍ സംശയമില്ല.