തൊടിയൂരില്‍ കോവിഡ് രോഗികള്‍ക്കായി ‘സാന്ത്വന നാദം’

by admin

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ ‘സാന്ത്വന നാദം’ പദ്ധതി കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകുന്നു. വീടുകളില്‍   ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ടെലി മെഡിസിന്‍, ടെലി കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍  സൗജന്യമായി നല്‍കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പരിധിയിലെ സേവന സന്നദ്ധരായ 26 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആറ് ടീമുകള്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഓരോ ടീമിലും രണ്ട് വീതം ഡോക്ടര്‍മാര്‍ ഉണ്ട്. ഒരു ടീമിന് നാലു വാര്‍ഡുകളുടെ ചുമതലയാണ്.  ഇവരെ ബന്ധപ്പെടേണ്ട  ഫോണ്‍ നമ്പരുകളും മറ്റ് വിവരങ്ങളും അതത് വാര്‍ഡിലെ ആശാവര്‍ക്കര്‍മാര്‍ വഴി വീടുകളില്‍  ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഡോക്ടറോട് സംസാരിച്ച് ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിനും മരുന്നുകള്‍ക്കും സാന്ത്വന നാദം പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്താം. രോഗികളെ  ആശുപതിയിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായാല്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി എടുക്കാന്‍ പദ്ധതിവഴി സാധിക്കുമെന്ന് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ അറിയിച്ചു.

പുനലൂര്‍ നഗരസഭയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കോവിഡ് ആന്റിജന്‍ പരിശോധന വ്യാപകമാക്കി. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ 12 വാര്‍ഡുകളിലെ പരിശോധന പൂര്‍ത്തിയായി. മറ്റ്  വാര്‍ഡുകളിലെ പരിശോധന ജൂണ്‍ 14 ഓടെ പൂര്‍ത്തിയാകും. ഐക്കരക്കോണത്തെ പബ്ലിക് ലൈബ്രറിയില്‍ ഇന്നലെ (ജൂണ്‍ 8)50 പേര്‍ക്കും പത്തേക്കര്‍ വാര്‍ഡില്‍ 68 പേര്‍ക്കും ആന്റിജന്‍ പരിശോധന നടത്തി. കൗണ്‍സിലര്‍മാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും പ്രതിരോധ കിറ്റുകളും പള്‍സ് ഓക്സിമീറ്ററുകളും  വിതരണം ചെയ്തതായി  ചെയര്‍പേഴ്സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.

പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍  രോഗികള്‍ക്ക്  മരുന്ന് എത്തിക്കുന്നതിനായി  രണ്ട് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് വാര്‍ഡ് തലത്തില്‍  മരുന്ന് വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചക്ക് 12 മണി മുതല്‍ രണ്ടു വരെ  ഹോമിയോ ആശുപത്രിയിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകും. 5178 പേര്‍ക്ക് വാക്സിന്‍ നല്‍കി. സന്നദ്ധ  പ്രവര്‍ത്തകര്‍ വഴി എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുന്നുണ്ടെന്നും സെക്രട്ടറി അരുണ്‍ പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page