കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ പൊതുജനങ്ങളുടെ യാത്രാ നിയന്ത്രണവും വരുമാനം കുറയുന്ന സാഹചര്യവും കണക്കിലെടുത്ത്, അവരുടെ അതിജീവനത്തിന് തുണയായി സപ്ലൈകോ മുഖേന നല്‍കിവരുന്ന സൗജന്യഭക്ഷ്യകിറ്റിന്റെ വിതരണം പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകള്‍ വഴി നടന്നുവരുന്നു.
സപ്ലൈകോയുടെ വിവിധ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇവയോടനുബന്ധിച്ചുള്ള പായ്ക്കിംഗ് സെന്ററുകളിലാണു കിറ്റുകള്‍ തയ്യാറാക്കി റേഷന്‍കടകളില്‍ എത്തിച്ചുകൊടുക്കുന്നത്.
മഴക്കെടുതികളോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ തഹസീല്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ മുഖേന സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍നിന്ന് വിതരണം ചെയ്തു. മൊത്തം 87,861 രൂപയുടെ സാധനങ്ങള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ ജില്ലയിലെ അതിഥിത്തൊഴിലാളികള്‍ക്ക് ജില്ലാ ഭരണകേന്ദ്രവും ലേബര്‍ വകുപ്പ് മുഖേന 10 അവശ്യ ഇനങ്ങള്‍ അടങ്ങിയ സൗജന്യഭക്ഷ്യകിറ്റ് സപ്ലൈകോ തയ്യാറാക്കി നല്‍കിവരുന്നുണ്ട്. ഇതുവരെ 9000 കിറ്റുകള്‍ ഈയിനത്തില്‍ നല്‍കിക്കഴിഞ്ഞു. കോഴഞ്ചേരി 3000, തിരുവല്ല 1800, അടൂര്‍ 1700, റാന്നി 1250, മല്ലപ്പള്ളി 1250 എന്നിങ്ങനെയാണ് താലൂക്ക് തലത്തിലുള്ള കിറ്റുകളുടെ വിതരണം. അരി, കടല, ആട്ട, ഉപ്പ്, സണ്‍ഫ്‌ളവര്‍ ഓയില്‍, തുവര, സവാള, കിഴങ്ങ്, മുളകുപൊടി, മാസ്‌ക് എന്നിവയാണ് ഈ കിറ്റിലെ ഇനങ്ങള്‍.
പൊതുജനങ്ങള്‍ക്കായുള്ള മേയ് മാസ കിറ്റ് വിതരണം ജില്ലയിലെ എ.എ.വൈ(മഞ്ഞ), മുന്‍ഗണനാ(പിങ്ക്), സബ്‌സിഡി(നീല) കാര്‍ഡുകള്‍ക്ക് പൂര്‍ത്തിയായി ക്കഴിഞ്ഞു. എ.പി.എല്‍.(വെള്ള)കാര്‍ഡുകള്‍ക്കുള്ള വിതരണം 50% പൂര്‍ത്തിയായി. ഇത് ജൂണ്‍ 15 ഓടെ പൂര്‍ത്തിയാക്കി ജൂണ്‍ മാസകിറ്റ് വിതരണം എ.എ.വൈ(മഞ്ഞ)കാര്‍ഡുകള്‍ക്ക് ആരംഭിക്കും. എ.എ.വൈ(മഞ്ഞ) -23756, മുന്‍ഗണന(പിങ്ക്)-106573, സബ്‌സിഡി(നീല)-95134, എ.പി.എല്‍.(വെള്ള)-25439 എന്നിങ്ങനെയാണു വിവിധയിനം കാര്‍ഡുകള്‍ക്കുള്ള മേയ് മാസ കിറ്റ് വിതരണം.
അടുത്ത ആഴ്ചയോടെ തുടങ്ങുന്ന ജൂണ്‍ മാസ കിറ്റിലും മേയ് മാസ കിറ്റിലെ അതേ 11 ഇനങ്ങളാകും ഉണ്ടാവുക. ചെറുപയര്‍, ഉഴുന്ന്, തുവര, കടല, പഞ്ചസാര, തേയില, മുളകുപൊടി, മഞ്ഞള്‍പൊടി, വെളിച്ചെണ്ണ, ആട്ട/നുറുക്കുഗോതമ്പ്, ഉപ്പ് (ഇല്ലെങ്കില്‍ കടുക്/ഉലുവ) തുടങ്ങിയവയാണ് കിറ്റിലെ ഇനങ്ങളെന്ന് ജില്ലയിലെ സപ്ലൈക്കോ നോഡല്‍ ഓഫീസര്‍ എം.എന്‍ വിനോദ് കുമാര്‍ പറയുന്നു.