സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് : ജോബിന്‍സ് തോമസ്

by admin
കേരളത്തില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി നിയോഗിച്ച ജേക്കബ് തോമസ് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്നാണ് ജേക്കബ് തോമസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ സംഘടനാ തലത്തിലുളള സമ്പൂര്‍ണ്ണ മാറ്റമാണ് ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അത് പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് അതീതമാവരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബിജെപിയ്‌ക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു റിപ്പോര്‍ട്ട് കൂടി നല്‍കാന്‍ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നിയമസഭാ തോല്‍വിയുമായി ബന്ധപ്പെട്ട് മുമ്പ് സി.വി. ആനന്ദബോസ് ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലും നേതൃമാറ്റം വേണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ കൊടകര പണമിടപാട് , സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന പരാതി എന്നിവയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ നേതൃമാറ്റം വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
ഉടന്‍ നേതൃമാറ്റം ഉണ്ടായാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശിയ അധ്യക്ഷന്‍ അടക്കമുള്ളവരെ സന്ദര്‍ശിച്ചുരുന്നു. സംസ്ഥാനത്തെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തിയാണ് ദേശിയ നേതൃത്വം സുരേന്ദ്രനെ അറിയിച്ചത്.

You may also like

Leave a Comment

You cannot copy content of this page