എല്ലാ ഐടി ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉറപ്പ്; കുത്തിവെപ്പിന് തുടക്കമായി

by admin
തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വാക്‌സിനേഷന്‍ ക്യാമ്പ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റലിന്റെ മേല്‍നോട്ടത്തിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. പാര്‍ക്കിലെ എച്ച് ആന്റ് ആര്‍ ബ്ലോക്ക് സ്ജ്ജീകരിച്ച ക്യാമ്പില്‍ ശനിയാഴ്ച കുത്തിവെപ്പ് ആരംഭിച്ചു. അടുത്ത ഘട്ടങ്ങളിലായി കൊച്ചി ഇന്‍ഫോ പാര്‍ക്കിലും കോഴിക്കോട് സൈബര്‍ പാര്‍ക്കിലും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ടെക്ക് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടക്കും.
 
ഐടി പ്രൊഫഷനലുകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ ഐടി പാര്‍ക്കുകളും ഐടി കമ്പനികളും കൈകോര്‍ത്ത് പുതിയൊരു ചുവട് വച്ചിരിക്കുകയാണ്. ഈ വാക്‌സിനേഷന്‍ പദ്ധതി സംസ്ഥാനത്തുടനീളമുള്ള ഐടി കാമ്പസുകളിലെ തൊഴില്‍ അന്തരീക്ഷം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും ജീവനക്കാരെ വേഗത്തില്‍ തിരികെ എത്തിക്കാനും സഹായിക്കുമെന്ന് കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. ഏറെ വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് ഐടി സമൂഹത്തിനും അവരുടെ കുടുംബത്തിനും ഐടി കമ്പനികള്‍ക്കും ഏറെ ആശ്വാസം നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ലക്ഷം കോവിഷീല്‍ഡ് വാക്‌സിനാണ് ഈ പദ്ധതിക്കു വേണ്ടി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ടെക്ക് ഹോസ്പിറ്റല്‍ നേരിട്ടു വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ചില്‍ 25,000 ഡോസാണ് എത്തിയത്. വിവിധ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നിരവധി കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലേയും കൊച്ചി ഇന്‍ഫോ പാര്‍ക്കിലേയും ഏതാനും വന്‍കിട കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് സ്വന്തം നിലയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്കു പുറമെ സ്വകാര്യ ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ടെക്ക് ഹോസ്പിറ്റല്‍ പ്രസിഡന്റ് ബിനു ആര്‍ കുറുപ്പ് പറഞ്ഞു. ആശുപത്രിക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച  തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ വിഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഇ. നിസാമുദ്ദീന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എ ഷരീഫ്, ടെക്ക് ഹോസ്പിറ്റര്‍ വൈസ് പ്രസിഡന്റ് അനൂപ് അംബിക, സെക്രട്ടറി ജി. എല്‍ അരുണ്‍ ഗോപി, എച്ച് ആന്റ് ആര്‍ ബ്ലോക്ക് ഡയറക്ടര്‍ ഹരി പ്രസാദ് എന്നിവര്‍ സംസാരിച്ചു.
സഹകരണ രംഗത്ത് കേരളത്തില്‍ ആദ്യ വാക്‌സിന്‍ നേട്ടവുമായി ടെക്ക് ഹോസ്പിറ്റല്‍

തിരുവനന്തപുരം:  വാക്‌സിന്‍ ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങി വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യ സഹകരണ സ്ഥാപനമായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് (ടെക്ക്) ഹോസ്പിറ്റല്‍. വാക്‌സിനു വേണ്ടി സ്വകാര്യ ആശുപത്രികള്‍ പോലും കടുത്ത മത്സരം നേരിടുമ്പോഴാണ് ഈ സഹകരണ ആശുപത്രിയുടെ നേട്ടം. സംസ്ഥാന സര്‍ക്കാരിന്റേയും തിരുവനന്തപുരം എം.പി ശശി തരൂരിന്റേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഇടപെടല്‍ മുഖേനയാണ് ടെക്ക് ഹോസ്പിറ്റലിന് രണ്ടു ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്ന് ആശുപത്രി പ്രസിഡന്റ് ബിനു ആര്‍ കുറുപ്പ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കുന്ന വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് ടെക്ക് ഹോസ്പിറ്റല്‍ ശനിയാഴ്ച ആരംഭിച്ചത്. ഐടി പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ആശുപത്രികൂടിയാണ് ടെക്ക് ഹോസ്പിറ്റല്‍. രണ്ടു വര്‍ഷത്തിനകം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ബിനു ആര്‍ പറഞ്ഞു.

                                       റിപ്പോർട്ട്  :   Anju V Nair (Senior Account Executive)

You may also like

Leave a Comment

You cannot copy content of this page