ഉദ്യോഗസ്ഥതലത്തില്‍ ദുഷ്പ്രവണത വെച്ചുപൊറുപ്പിക്കില്ല, ഫയലുകള്‍ തുടിക്കുന്ന ജീവിതമാകണം – മുഖ്യമന്ത്രി

by admin

ഒക്ടോബറോടെ വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈനാക്കും

തിരുവനന്തപുരം :  ഉദ്യോഗസ്ഥ തലങ്ങളില്‍ ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ക്കശമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും. പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെതന്നെ പരമാവധി സേവനം ലഭ്യമാക്കാന്‍ വില്ലേജ് ഓഫീസുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാരുമായി ഓണ്‍ലൈനായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

post

ഫയലുകള്‍ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിരഹിതവും കാര്യക്ഷമവും ജനോപകാരപ്രദവുമായ സിവില്‍ സര്‍വീസ് എന്നതാണ് ഈ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കഴിഞ്ഞ അഞ്ചുവര്‍ഷവും ഈ കാഴ്ചപ്പാട് വലിയ അളവോളം നടപ്പാക്കാനായതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് നമ്മുടെ ജീവനക്കാരെന്നത് അഭിമാനാര്‍ഹമാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവരെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഓരോ ഫയലും ഓരോ ജീവിതമാണ് എന്നതാണത്. അത് നമുക്ക് വലിയൊരളവോളം നടപ്പാക്കാനായി.

ഇതേ സമീപനത്തില്‍ നിന്നുകൊണ്ട് സിവില്‍ സര്‍വീസില്‍ അവശേഷിക്കുന്ന ദൗര്‍ബല്യങ്ങള്‍ കൂടി പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ആദ്യപടിയാണ് കൂടുതല്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളില്‍നിന്ന് ആശയവിനിമയം തുടങ്ങുന്നത്.

പ്രധാനപ്പെട്ട വിഭാഗമാണ് വില്ലേജ് ഓഫീസര്‍മാര്‍ എന്നത് എപ്പോഴും മനസില്‍ കരുതണം. ലാന്റ് റവന്യൂ കമ്മീഷണറേറ്റ് മുതല്‍ വില്ലേജ് ഓഫീസുകള്‍ വരെ നീളുന്ന ബൃഹദ്ശൃംഖലയാണ് റവന്യൂ വകുപ്പിനുള്ളത്.

വില്ലേജ് ഓഫീസുകളുടെ നവീകരണം ജനസേവനം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചാണ്. അത്തരത്തിലുള്ള ചില പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആക്കും എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി പദ്ധതികള്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ രൂപീകരണം. സംസ്ഥാനത്തെ 1666 വില്ലേജ് ഓഫീസുകളില്‍ 126 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കിക്കഴിഞ്ഞു. 349 ഓഫീസുകളെ സ്മാര്‍ട്ട് ആക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എല്ലാ വില്ലേജ് ഓഫീസുകളും ഇക്കാലയളവില്‍ സ്മാര്‍ട്ട് ആക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്.

കെട്ടിടങ്ങളും വിവരസാങ്കേതിക സംവിധാനങ്ങളും സ്മാര്‍ട്ട് ആക്കിയതുകൊണ്ട് മാത്രം സേവനങ്ങള്‍ മെച്ചപ്പെടണമെന്നില്ല. അതിന് ജീവനക്കാരുടെ മനോഭാവം ഇതിനനുസൃതമാകണം എന്നതും പ്രധാനമാണ്.

കാലാനുസൃതമായി നടക്കുന്ന ആ പരിഷ്‌കരണങ്ങളോട് പൊരുത്തപ്പെടാന്‍ നമുക്ക് കഴിയണം. അതിനൊപ്പം പൊതുജനങ്ങളോടുള്ള പെരുമാറ്റത്തിന്, പൊതുജനങ്ങളെ സേവിക്കുന്നവരാണെന്നുള്ള ബോധത്തോടുകൂടിയുള്ള സമീപനം ഉണ്ടാകണം. തന്റെ പെരുമാറ്റം സമൂഹവും സര്‍ക്കാരും ആഗ്രഹിക്കുന്ന നിലയിലാണോ എന്നതിനെക്കുറിച്ച് അവരവര്‍ ആത്മപരിശോധന നടത്തണം.

വ്യത്യസ്തമായ ജോലികളുടെ ബാഹുല്യവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ മാത്രമല്ല പൊതുജനങ്ങള്‍ക്കുള്ള സര്‍വീസുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ഓണ്‍ലൈന്‍ യോഗത്തില്‍ പറഞ്ഞു. പുതിയ കെട്ടിടങ്ങളും സാങ്കേതിക വിദ്യകളും മാത്രമല്ല സേവനങ്ങളും സ്മാര്‍ട്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. റവന്യു വകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിഷന്‍ & മിഷന്‍ 2021-26 പദ്ധതിയുടെ നടത്തിപ്പിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുക കൂടിയാണ് ഇന്നത്തെ പരിപാടിയുടെ ലക്ഷ്യം. റവന്യു വകുപ്പ് മുഖേന വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ ഓണ്‍ലൈനാക്കുമെന്നും ഭൂനികുതി അടയ്ക്കുന്നതിനായി മൊബൈല്‍ ആപ്പ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്റ് റവന്യു കമ്മീണര്‍ കെ. ബിജു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

You may also like

Leave a Comment

You cannot copy content of this page