ഒരു വര്‍ഷം പിന്നിട്ട് കൂടുതല്‍ ശക്തമായി ഇ-സഞ്ജീവനി

by admin

post

സേവനം നല്‍കുന്നത് 2423 ഡോക്ടര്‍മാര്‍

തിരുവനന്തപുരം : കോവിഡ് കാലത്ത് മലയാളികളുടെ ചികിത്സാ രീതിയില്‍ പുതിയ അധ്യായം രചിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി ഒരു വര്‍ഷം തികച്ചിരിക്കുകയാണ്. 2020 ജൂണ്‍ 10ന് കോവിഡ് വ്യാപന സമയത്ത് ആരംഭിച്ച ഇ-സഞ്ജീവിനി ടെലി മെഡിസിന്‍ സേവനങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ വലിയ നേട്ടങ്ങളുമായാണ് മുന്നേറുന്നത്. ജനറല്‍ ഒപിയും, കോവിഡ് ഒപിയും കൂടാതെ വിവിധ തരം സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഒപി സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

  ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തീകരിച്ച ഇ സഞ്ജീവനി ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2423 ഡോക്ടര്‍മാരാണ് ഇ-സഞ്ജീവനിയില്‍ സേവനം നല്‍കി വരുന്നത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 1500 മുതല്‍ 2000 ആളുകള്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇതുവരെ 1.7 ലക്ഷത്തിലധികം പേരാണ് ഇ-സഞ്ജീവനി വഴി ചികിത്സ തേടിയത്. കാത്തിരിപ്പ് സമയം പരമാവധി കുറക്കാന്‍ പുതിയ സംവിധാനം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.

ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനിയുടെ പ്രത്യേകത. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും ഇ-സഞ്ജീവനി തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഈ പ്ലാറ്റ്ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാം.

ആരോഗ്യ വകുപ്പിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സ്പെഷ്യാലിറ്റി ഒപികള്‍ വിവിധ ജില്ലകളില്‍ നിന്നും ആരംഭിച്ചിട്ടുമുണ്ട്. സൈക്യാട്രി, ശിശുരോഗവിഭാഗം, ഹൃദ്രോഗവിഭാഗം, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപി സേവനങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നുണ്ട്. കൂടാതെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ സഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കി വരുന്നു. കോവിഡ് ഒ.പി സേവനം ഇപ്പോള്‍ 24 മണിക്കൂറും ലഭ്യമാണ്.ഇ-സഞ്ജീവനി സേവനങ്ങളില്‍ മറ്റൊരു നാഴികക്കല്ലാണ് ജയിലിലെ അന്തേവാസികള്‍ക്കും, വൃദ്ധസദനങ്ങള്‍, മറ്റ് അഗതി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍. കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വൈകല്യങ്ങളും അതുമായി ബന്ധപ്പെട്ട ചികിത്സയെക്കുറിച്ചും തുടര്‍ ചികിത്സയെക്കുറിച്ചും കൂടാതെ വളര്‍ച്ച മുരടിപ്പും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ വഴി പരിഹാരം തേടാന്‍ കഴിയുന്ന ഡി.ഇ.ഐ.സി. ഒ.പി., കൗമാര ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും സേവനം തേടാവുന്ന കൗമാര ക്ലിനിക്ക് എന്നിവയും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍, ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നത്. ഇ-സഞ്ജീവനി സേവനങ്ങള്‍ ഇപ്പോള്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയും വോളന്റിയര്‍മാര്‍ വഴിയും ജനങ്ങളില്‍ കൂടുതലായി എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.

You may also like

Leave a Comment

You cannot copy content of this page