കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ വാക്സിനേഷന്‍: 11 യൂണിറ്റുകള്‍ക്ക് തുടക്കം

by admin

പത്തനംതിട്ട:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികള്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളിലെത്തി വാക്സിനേഷന്‍ നടത്തുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും യൂണിറ്റുകളുടെ ഫ്‌ളാഗ്ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റുകള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ ജില്ലാ പഞ്ചായത്ത് വിട്ടു നല്‍കി. വിവിധ ബ്ലോക്കുകളിലുള്ള ഇലന്തൂര്‍, വല്ലന, തുമ്പമണ്‍, ഏനാദിമംഗലം, കോന്നി, റാന്നി പെരുനാട്, വെച്ചുച്ചിറ, കാഞ്ഞീറ്റുകര, എഴുമറ്റൂര്‍, കുന്നന്താനം, ചാത്തങ്കേരി എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കിടപ്പുരോഗികള്‍ക്കാണു വാക്സിനേഷന്‍ നല്‍കുന്നത്. യാത്ര ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പേര് നല്‍കണം. വാക്സിനേഷന്‍ യൂണിറ്റില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഹെല്‍ത്ത് വോളന്റിയര്‍മാര്‍ എന്നിവരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ യൂണിറ്റ് വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തുന്ന സമയ വിവരം മുന്‍കൂട്ടി നിശ്ചയിച്ച് അറിയിക്കും.

ജില്ലാ കളക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി. പി. രാജപ്പന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, എന്‍.എച്ച്.എം: ഡിപി.എം ഡോ. എബി സുഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page