നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും

by admin
തൃശൂര്‍: സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ കൃത്രിമ അവയവം ഘടിപ്പിക്കുന്നതിനുള്ള പ്രോസ്തറ്റിക് യൂണിറ്റ് ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹബിലിറ്റേഷനില്‍ തുടങ്ങി. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പാവപ്പെട്ടവര്‍ക്ക് സൗജന്യ സേവനവും ലഭ്യമാക്കുന്നുണ്ട്. അവയവ നിര്‍മാണ രംഗത്തെ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായതു കൊണ്ടു തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്‍പ്പടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ടെന്‍ഡറില്ലാതെ പ്രോസ്തറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോട്ടിക്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയുന്ന സ്ഥാപനം കൂടിയാണ് നിപ്മര്‍.
കൃത്രിമ അവയവ നിര്‍മാണ രംഗത്ത് ടെക്‌നോളജി വളരെയേറെ വികസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രസ്തുത സേവനം സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിന് തടസം ഇതിനായുള്ള ഭാരിച്ച ചെലവാണ്. മാത്രമല്ല ഇതു സംബന്ധിച്ച അവബോധവും കുറവാണ്. നിലവില്‍ കൃത്രിമ കാലുകളും കൈകളും ഘടിപ്പിച്ചവര്‍ക്ക് ഏതു ജോലിയും ചെയ്യാന്‍ സാധിക്കുമെന്നതാണ് ആധുനിക ടെക്‌നോളജിയുടെ മേന്‍മ. ഭാരം ചുമക്കുന്ന ജോലിയെടുക്കുന്നവര്‍ക്കും അത്‌ലറ്റിക്കുകള്‍ക്കു വരെയും ഇത്തരം അനുയോജ്യമായ അവയവങ്ങള്‍ ലഭ്യമാണ്. അവയവം മുറിച്ചു മാറ്റിക്കഴിഞ്ഞാല്‍ കഴിയാവുന്നതിലും വേഗത്തില്‍ കൃത്രിമ അവയവം ഘടിപ്പിക്കുമ്പോള്‍ കാര്യക്ഷമത കൂടുമെന്ന് പ്രോസ്തറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് യൂണിറ്റ് മേധാവി ഡോ. സിന്ധു വിജയകുമാര്‍ പറഞ്ഞു. വൈകിയാല്‍ കൃത്രിമ അവയവങ്ങളോടുള്ള ശരീരത്തിലെ മസിലുകളുടെ സപ്പോര്‍ട്ട് കുറവുമെന്നും ഇവര്‍.
മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമായ അവയവങ്ങളാണ് നിപ്മര്‍ നിര്‍മിച്ചു നല്‍കുന്നത്. ഇത് കൂടുതല്‍ ഉറപ്പു നല്‍കുന്നതിനൊപ്പം ഭാരവും കുറവുമാണ്. കൈ-കാലുകള്‍, വിരലുകള്‍ എന്നിവ സ്വാഭാവിക നിലയില്‍ ചലിപ്പിക്കുന്നതിന് മള്‍ട്ടി ആക്‌സില്‍ ജോയ്ന്റുകളും ഇവിടെ നിര്‍മിക്കുന്നുണ്ട്. ഇതുവഴി എഴുത്തു ജോലികള്‍ ചെയ്യുന്നവര്‍ക്കും കൂടുതല്‍ സഹായകരമാകും.
നിലവില്‍ റെഡിമെയ്ഡ് അവയവങ്ങളെയാണ് പൊതുവേ ആശ്രയിക്കുന്നത്. ഇത് തുടര്‍വര്‍ഷങ്ങളില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി വ്യാപക പരാതിയുണ്ട്. ശരീരത്തിനുണ്ടാകുന്ന വലിപ്പ വ്യത്യാസം കൃത്രിമ അവയങ്ങള്‍ ഉപയോഗയോഗ്യമല്ലാതാകുന്ന സാഹചര്യമുണ്ട്. ഉപയോഗിക്കുന്നയാളുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് നിര്‍മിക്കാമെന്നതാണ് നിപ്മറിന്റെ പ്രത്യേകത. നടത്തത്തിന്റെ രീതിയും താളവുമനുസരിച്ച് മുന്‍കൂട്ടി ഡിസൈന്‍ ചെയ്ത് അവയവങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. മയോ ഇലക്ട്രിക്കല്‍ പ്രോസ്തറ്റിക് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
നിലവില്‍ കൃത്രിമ അവയവ നിര്‍മാണ രംഗത്ത് പ്രീ ഡിസൈനിങ്ങിനായി നിരവധി സാങ്കേതിക രീതികള്‍ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രോളിക്, ന്യൂമാറ്റിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ രീതികളാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. സെന്‍സര്‍ ഉപയോഗിക്കും ബ്ലൂടൂത്തിന്റെ സഹായത്തോടെയും പ്രീഡിസൈനിങ് ചെയ്യുന്ന രീതിയും നിലവിലുണ്ട്. പ്രസ്തുത സേവനങ്ങളെല്ലാം നിപ്മറില്‍ ചെയ്യാന്‍ കഴിയും.
                                                               റിപ്പോർട്ട് :  Reshmi Kartha

You may also like

Leave a Comment

You cannot copy content of this page