മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സംസ്ഥാനം മികവ് കൈവരിക്കും – മന്ത്രി വി. അബ്ദുറഹ്‌മാന്‍

by admin

പുതിയ കായിക നയം അടുത്ത വര്‍ഷം ജനുവരിയില്‍

post

മലപ്പുറം : അടുത്ത മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 850 കോടിയോളം രൂപയാണ് കായികമേഖലയിലെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ക്കായി മാറ്റിവെച്ചത്. അടുത്തവര്‍ഷം ആദ്യത്തോടെ പുതിയ കായികനയവും നടപ്പിലാകുന്നതോടെ ഈ ജനകീയ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന തരത്തലുള്ള നടപടികളാണ് വകുപ്പ് സ്വീകരിച്ച് വരുന്നത്. പുതിയ കായികനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലും സന്ദര്‍ശനം നടത്തി അഭിപ്രായങ്ങള്‍ ആരായും. ഇതിന്റെ ആദ്യ പടിയായാണ് ജില്ലയിലെ തന്റെ സന്ദര്‍ശനം. മുന്‍കാല കായികതാരങ്ങളെയുള്‍പ്പടെ വിളിച്ചുചേര്‍ത്ത് ശില്‍പ്പശാലകള്‍ നടത്തി കരട് രേഖ തയ്യാറാക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സജീവമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടത്തും.

ഗ്രേസ് മാര്‍ക്കുകള്‍ക്കായി മാത്രം കുട്ടികളെ കായിക ഇനങ്ങള്‍ക്ക് അയക്കുന്ന പതിവിന് മാറ്റം വരേണ്ടതുണ്ട്. തിരുവനന്തപുരത്തെ കായികഭവനം, കേരള സ്പോര്‍ട്സ് ലിമിറ്റഡിന്റെ കെട്ടിടം എന്നിവ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുന്നതോടൊപ്പം മലപ്പുറത്ത് സ്പോര്‍ട്സ് കൗണ്‍സിലിന് പുതിയ കെട്ടിടത്തിനുള്ള ഫണ്ട് ഉടന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്ന് വരികയാണ്. കോവിഡ് പ്രതിസന്ധികള്‍ തീരുന്നതോടെ മികച്ച കായികമേളകള്‍ ഓരോ ജില്ലകളിലും സംഘടിപ്പിക്കുമെന്നും യോഗത്തില്‍ മന്ത്രി അറിയിച്ചു.

ലോക ഫുട്ബോള്‍ മേളകളിലേക്ക് കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം സ്വകാര്യമേഖലകളിലുള്‍പ്പടെ നിരവധി അക്കാദമികള്‍ ഫുട്ബോളിനായി മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരെയെല്ലാം ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് യോഗത്തില്‍ അംഗങ്ങള്‍ മന്ത്രിക്ക് കൈമാറി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ്പ്രസിഡന്റ് വി.പി അനില്‍കുമാര്‍, സെക്രട്ടറി മുരുകരാജ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ കെ. മനോഹരകുമാര്‍, ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് യു. തിലകന്‍, സെക്രട്ടറി ഋഷികേഷ്‌കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരായ സി. സുരേഷ്, കെ.എ നാസര്‍, പി. വത്സല, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം.പി ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

 

You may also like

Leave a Comment

You cannot copy content of this page