കുട്ടനാട്ടിലെ പുറംബണ്ടുകൾ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കും- കൃഷിമന്ത്രി

by admin

ഏറ്റെടുത്ത നെല്ലിന്റെ വില സമയ ബന്ധിതമായി കൊടുക്കും

ആലപ്പുഴ: കുട്ടനാട്ടിൽ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നൽകി, അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി,ചിത്തിര, മാർത്താണ്ഡം,ആര്‍ ബ്ലോക്ക് എന്നിവിടങ്ങളിൽ തിങ്കളാഴ്ച സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. വലിയ മനുഷ്യാധ്വാനം ഉപയോഗിച്ച് കൃഷി ഭൂമിയാക്കി പരിവർത്തനം നടത്തിയ പ്രദേശമാണ് ഇവിടം. ഇവിടെ കൃഷി കാര്യക്ഷമമായി നടപ്പാക്കുകയാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. പുറം ബണ്ടിന്റെ ചില ഭാഗങ്ങൾ ക്ഷയിച്ചിട്ടുണ്ട്. ഇത് മടവീഴ്ചയ്ക്ക് കാരണമാകുമെന്ന് കൃഷിക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഗൗരവമായ പഠനം നടത്തും. കുട്ടനാട്ടിലെ കൃഷിയുടെ കാര്യത്തിൽ വലിയ ഇടപെടൽ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പ്രസാദ് പറഞ്ഞു.

ശാസ്ത്രീയമായും ഗുണപരമായും പൈല്‍ ആന്റ് സ്ലാബ് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടും. വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും എൻജിനീയറിങ് വിഭാഗവുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടത് പ്രത്യേകമായി പരിഗണിക്കും. കഴിഞ്ഞ കൃഷിമന്ത്രിയുടെ കാലത്ത് ആര്‍ ബ്ലോക്കിന്റെ കാര്യത്തിൽ ഇടപെടൽ ഉണ്ടായി. ഒരു ഉദ്യോഗസ്ഥനെ ചുമതല ഏല്‍പ്പിച്ചു. ഇതിൻറെ തുടര്‍നടപടികള്‍ ഇനിയും ഉണ്ടാകും. കാലാവസ്ഥാവ്യതിയാനം കുട്ടനാടിനെ ഏറെ ബാധിച്ചു. ഗുണമേന്മയുള്ള സ്ലാബുകൾ വയ്ക്കുന്നതിനും ദീർഘകാല അടിസ്ഥാനത്തിൽ ഉറപ്പു നൽകുന്ന ബണ്ടുകൾ സ്ഥാപിക്കുന്നതിനും ശാസ്ത്രീയ അടിത്തറയില്‍ പദ്ധതികള്‍ ആവിഷ്കരിക്കും.

കുട്ടനാട്ടിൽ കൃഷി ഉൾപ്പെടെയുള്ള എല്ലാത്തിനും സമയക്രമം പാലിക്കേണ്ടതുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള സബ് മേഴ്സിബിള്‍ വെര്‍ട്ടിക്കല്‍ ആക്സൈല്‍ ഫ്ലോ പമ്പുകൾ കുട്ടനാട്ടില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃഷിയുടെ കാര്യത്തിലും ബണ്ടുകൾ ശക്തിപ്പെടുത്തുന്ന കാര്യത്തിലും കൃത്യമായ നിരീക്ഷണം കൃഷിവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവും. മന്ത്രിസഭ അധികാരമേറ്റ ശേഷം രണ്ടാം സന്ദർശനമാണ് ഇത്. ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച ചെയ്യും. ഈ ആഴ്ചതന്നെ കൃഷി, ജലസേചനം, ഫിഷറീസ് മന്ത്രിമാർ ഒന്നിച്ചിരുന്ന് കുട്ടനാടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. മങ്കൊമ്പിൽ ചേർന്ന യോഗത്തിൽ പ്രാഥമികമായി കാര്യങ്ങൾ നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

കുട്ടനാട്ടിലെ ഏറ്റെടുത്ത നെല്ലിൻറെ വില സമയബന്ധിതമായി കൊടുത്തു തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആർ ബ്ലോക്കില്‍ കൃഷി വ്യാപിപ്പിക്കുന്നതിന് വലിയ തുക സർക്കാർ മുടക്കിയിട്ടുണ്ട്. അതിൻറെ പ്രയോജനം കൃഷിക്കാർ ഉറപ്പാക്കണമെന്നും കൃഷിവകുപ്പ് അതിന് എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു സന്ദര്‍ശന വേളയില്‍ പറഞ്ഞു. ചിത്തിര കായല്‍ പാടശേഖര സമിതി സെക്രട്ടറി അഡ്വ.വി.മോഹന്‍ദാസ്, പ്രസിഡന്റ് ജോസഫ് ചാക്കോ, റാണികായല്‍ പാടശേഖര സമിതി പ്രസിഡന്റ് എ.ശിവരാജന്‍, സെക്രട്ടറി എ.ഡി.കുഞ്ഞച്ചന്‍, കുട്ടനാട് വികസന ഏജന്‍സി ചെയര്‍മാന്‍ അഡ്വ.ജോയിക്കുട്ടി ജോസ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫസ് അലിനി ആന്റണി, എ.പി.എ.ഓ സുജ ഈപ്പന്‍, കൃഷി ഡെപ്യൂട്ടിഡയറക്ടര്‍മാരായ എന്‍.രമാദേവി, കെ.എസ്.സഫീന, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page