വീട്ടിലിരുന്നും വായിക്കാം, പുസ്തകങ്ങള്‍ വീട്ടിലെത്തിച്ച് പുസ്തകവണ്ടി

by admin

തൃശ്ശൂർ:  പെരിഞ്ചേരി എ എല്‍ പി സ്കൂളില്‍ പുസ്തകവണ്ടിക്ക് തുടക്കമായി. വയനാപക്ഷാചരണത്തിന്‍റെ ഭാഗമായാണ് ജൂലൈ 7 വരെ പുസ്തകവണ്ടി വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ എത്തുക. സ്കൂള്‍ വായനശാലയിലെ പുസ്തകങ്ങളും പെരിഞ്ചേരി ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളുമാണ് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വായിക്കാനായി വീടുകളില്‍ എത്തിച്ചു നല്‍കുക.

ആദ്യ ഘട്ടത്തില്‍ 3, 4 ക്ലാസുകളിലെ 80 ഓളം കുട്ടികള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കുക. അധ്യാപകര്‍ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളാണ് നല്‍കുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കി അവരുടെ വീട്ടില്‍ എത്തി പുസ്തകം നല്‍കുന്നു. കൈകള്‍ സാനിറ്റൈസ് ചെയ്തതിന് ശേഷമാണ് പുസ്തകങ്ങള്‍ കൈമാറുക. അതാതു പ്രദേശങ്ങളിലെ വാര്‍ഡ് മെമ്പര്‍മാരെയും വിവരം അറിയിക്കുന്നു.

കോവിഡ് ബാധിത പ്രദേശമാണെങ്കില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ വഴി പുസ്തകങ്ങള്‍ ലഭ്യമാക്കും. 800 ല്‍ പരം പുസ്തകങ്ങളാണ് ഇപ്രകാരം വിതരണം ചെയ്യുക. സ്കൂള്‍ ബസ് തന്നെയാണ് പുസ്തക വണ്ടിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. രക്ഷാകര്‍തൃ സംഘടനയിലെ അംഗങ്ങളും അധ്യാപകരുമാണ് ബസില്‍ റൂട്ട് നിശ്ചയിച്ചപ്രകാരം വീടുകളിലെത്തി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് എത്തിക്കുക. വിദ്യാലയത്തിലെ 1, 2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളും തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും പുസ്തകങ്ങള്‍ നല്‍കും.

കുട്ടികള്‍ക്ക് കിട്ടിയ പുസ്തകങ്ങളുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പില്‍ ഇടുകയും അതത് ക്ലാസ് അധ്യാപകര്‍ ഇഷ്യൂ രജിസ്റ്റര്‍ തയ്യാറാക്കുകയും ചെയ്യും. അടുത്ത ആഴ്ച വീണ്ടും പുസ്തക വണ്ടി പുതിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും കുട്ടികള്‍ വായിച്ച പുസ്തകങ്ങള്‍ പ്രത്യേക പെട്ടിയില്‍ വാങ്ങിച്ച് അവ തിരിച്ചു വന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പൂര്‍ണപിന്തുണയുമായാണ് പുസ്തക വണ്ടി മുന്നേറിക്കൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ ഇത്തരം മാതൃകകള്‍ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ഹരി സി നരേന്ദ്രന്‍ പറഞ്ഞു. ഈ പ്രതിസന്ധി കാലത്തും കുട്ടികളില്‍ അറിവും അനുഭവങ്ങളും എത്തിക്കുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റു സ്കൂളുകള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യദിവസം സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം കെ പ്രസാദും പിടിഎ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ഒരു എക്സിക്യൂട്ടീവ് അംഗവും ഉള്‍പ്പെടെ 4 പേരാണ് പുസ്തക വണ്ടിയില്‍ വിദ്യാര്‍ത്ഥികളുടെ അടുത്തെത്തിയത്. അധ്യാപകര്‍ നേരിട്ട് പുസ്തകം വീട്ടില്‍ കൊണ്ടു നല്‍കുന്നത് കുട്ടികള്‍ക്കും പ്രചോദനമാണ്.

You may also like

Leave a Comment

You cannot copy content of this page