തിരുവനന്തപുരം: ജില്ലയിലെ 111 ആയുര്‍രക്ഷാ ക്ലിനിക്കുകളില്‍ ആയുര്‍വേദ കോവിഡ് ചികിത്സാ പദ്ധതിയായ ഭേഷജത്തിന്റെ സേവനം ലഭ്യമാണെന്ന് ആയുര്‍വേദ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീല മേബിലറ്റ് അറിയിച്ചു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ള കാറ്റഗറി എ വിഭാഗത്തിലെ രോഗികള്‍ക്കാണ് പദ്ധതിയിലൂടെ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ നിന്നും ഔഷധങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ അറുപത്തി അയ്യായിരത്തോളം രോഗികള്‍ ഭേഷജം പദ്ധതിയുടെ ഭാഗമായി.
പനി, ജലദോഷം, തൊണ്ടവേദന, ദേഹം വേദന, ചുമ, തലവേദന, രുചിയില്ലായ്മ, മണം അറിയാതിരിക്കുക, ശ്വാസം മുട്ടല്‍, വിശപ്പില്ലായ്മ, വയറിളക്കം, ശ്വാസതടസ്സം, പരിഭ്രാന്തി, ഛര്‍ദ്ദി എന്നിവയ്ക്കുള്ള മരുന്നുകളാണ് ഭേഷജത്തിലുള്ളത്.
കോവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനര്‍ജനി പദ്ധതിയും എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്.
രോഗികള്‍ക്ക് വിളിക്കാനും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കാനും വര്‍ക്കല ആയുര്‍വേദ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് 24 മണിക്കൂറും കാള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0470-2605363.