ൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള മൂന്നാമത് രാജ്യങ്ങൾ വഴി ബഹ്‌റൈനിലും ഖത്തറിലും വലിയ തോതിൽ പ്രവാസി കേരളീയർ എത്തുന്നു. തുടർന്ന് സൗദി അറേബ്യയിൽ പോകണമെങ്കിൽ രണ്ടാഴ്ച ക്വാറന്റീനിൽ കഴിയേണ്ട അവസ്ഥയുമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാൽ കോവാക്‌സിൻ രണ്ടു ഡോസുകൾ ലഭിച്ചവർക്ക് തിരിച്ചു വരാനുള്ള അനുമതി ജിസിസി രാജ്യങ്ങൾ നൽകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. വിദേശത്തു നിന്നും ഫൈസർ, സിനോഫാം തുടങ്ങിയ വാക്‌സിനുകളുടെ ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം നാട്ടിലെത്തിയ നിരവധി ആളുകളുണ്ട്. അവർക്ക് രണ്ടാമത്തെ ഡോസ് ഇന്ത്യയിൽ ലഭിക്കാൻ നിർവാഹമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ട്.
ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുകളുമായി ചർച്ച ചെയ്ത് നാട്ടിൽ കുടുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് എത്രയും പെട്ടെന്ന് തൊഴിൽസ്ഥലങ്ങളിൽ തിരിച്ചെത്താനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളുടെ തൊഴിലില്ലായ്മ രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹ്യ പ്രശ്‌നമാണ്. അതുകൊണ്ട് ഈ പ്രശ്‌നം കാലതാമസമില്ലാതെ പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിദേശകാര്യ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.