കൊല്ലം സിറ്റി പോലീസിന്‍റെ കുറ്റന്വേഷണ മികവിന് ബഹുമതി

by admin

കൊല്ലം: കുറ്റന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി രണ്ടാം വര്‍ഷവും കൊല്ലം സിറ്റി പോലീസിന്. ജില്ലാ പൊലീസ് മേധാവി ടി. നാരായണനടക്കം പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാന്‍, സി-ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ഗോപകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.അനില്‍കുമാര്‍, എം.നിസാം, സി.അമല്‍, താഹക്കോയ, എ.എസ്.ഐ. എ.നിയാസ്, സി.പി.ഒ സാജന്‍ ജോസ്, ട്രാഫിക് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പി.പ്രദീപ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മറ്റ് ഉദ്യോഗസ്ഥര്‍.

ബ്യൂട്ടീഷന്‍ അധ്യാപികയെ പാലക്കാട് കൊലപ്പെടുത്തിയ കേസിലെ അന്വേഷണമാണ് ഉദ്യോഗസ്ഥരെ അവാര്‍ഡിന് അര്‍ഹരാക്കിയത്. ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ മികച്ച പ്രകടനമാണ് എസ്.എച്ച്.ഒ. പി.പ്രദീപ് കാഴ്ചവെച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് പള്ളിമുക്കിലെ ബ്യൂട്ടീഷന്‍ സ്ഥാപനത്തില്‍ നിന്നും പരിശീലനത്തിന് എറണാകുളത്തേക്ക് പോയ യുവതിയെ കാണാതാവുകയായിരുന്നു. യുവതിയുടെ പാലക്കാടുള്ള ബന്ധുവിന്റെ ഭര്‍ത്താവായ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തെളിയിച്ചു.  മൃതദേഹം പാലക്കാട് നിന്നും കണ്ടെത്തി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് കുറ്റാന്വേഷണ മികവിനുള്ള പുരസ്‌കാരം സിറ്റി പോലീസ് മേധാവി ടി.നാരായണനും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാനും ലഭിക്കുന്നത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി മനുഷ്യക്കടത്ത് നടത്തിയവരെ പിടികൂടിയതാണ് 2019 ലെ അവര്‍ഡിന് ടി. നാരായണനെ അര്‍ഹനാക്കിയത്. ദേശാന്തര ബന്ധമുള്ള  രവി പൂജാരി കേസിലെ അന്വേഷണ മികവിനാണ് 2019 ല്‍ എറണാകുളം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആയിരുന്ന കൊല്ലം അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാന് പുരസ്‌കാരം ലഭിച്ചത്

You may also like

Leave a Comment

You cannot copy content of this page