ഡിജിറ്റൽ /ഓൺലൈൻ പഠനം സംബന്ധിച്ച വീഡിയോ : ആറാം ക്ലാസുകാരനായ അഭയ് കൃഷ്ണയെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

by admin
ഡിജിറ്റൽ/ ഓൺലൈൻ പഠനത്തെ സംബന്ധിച്ചും അധിക ഹോംവർക്കിന്റെ ഭാരം സംബന്ധിച്ചും വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അഭയ് കൃഷ്ണ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വീഡിയോ കണ്ട പൊതു വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭയ് കൃഷ്ണയെ ഫോണിൽ വിളിച്ച് നേരിട്ട് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. മന്ത്രി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
വൈത്തിരി എച്ച് ഐ എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭയ് കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അഭയ് ഉന്നയിച്ചിരിക്കുന്ന വിഷയം ഗൗരവം ഉള്ളത് തന്നെ. കോവിഡ് മഹാമാരിക്കാലത്തെ വിദ്യാഭ്യാസം ലോകമാകെ തന്നെ നേരിടുന്ന വെല്ലുവിളി ആണ്. ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികളെ കർമ്മ നിരതരാക്കുവാനും പഠന പാതയിൽ നില നിർത്താനുമാണ് നാം കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ കുട്ടിയുടെ ആത്മവിശ്വാസവും താല്പര്യവും ആനന്ദവുമെല്ലാം പ്രധാനമാണ്.
ഈ പശ്ചാത്തലത്തിൽ അഭയ് ഉന്നയിച്ച വിഷയം വളരെ പ്രധാനമാണ്. നമുക്കത്  പരിഗണിച്ചേ മുന്നോട്ടു പോകാൻ കഴിയൂ. പഠനം പൊതുവേയും കോവിഡ് ഘട്ടത്തിൽ പ്രത്യേകിച്ചും കുട്ടിക്ക് ഭാരമാകാതെ നോക്കേണ്ടതുണ്ട്. നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ശാരീരിക -മാനസിക- വൈകാരിക ആരോഗ്യം കാത്ത് സൂക്ഷിച്ച് കൊണ്ട് മാത്രമേ നമ്മുക്ക് മുന്നോട്ട് പോകാൻ ആകൂ. മണിക്കൂറുകളോളം ചെറിയ സ്‌ക്രീനിൽ നോക്കിയുള്ള ഇരുപ്പ്,ഓരോ ടീച്ചറും നൽകുന്ന ഹോംവർക്കിന്റെ ഭാരം എല്ലാം മനം മടുപ്പിച്ചേക്കും. ഒരു ടീച്ചർ രണ്ട് ഹോം വർക്ക് മാത്രമാണ് കൊടുക്കുന്നത് എങ്കിൽ നാല് ടീച്ചർമാർ ഹോം വർക്ക് കൊടുത്താൽ കുട്ടിക്കത് എട്ട് ഹോം വർക്ക് ആകും. ഇതാണ് പലപ്പോഴും സംഭവിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തെ ഡിജിറ്റൽ ക്ളാസുകളുടെ അനുഭവം നമ്മുടെ മുന്നിൽ ഉണ്ട്‌. അതിലെ പോരായ്മകൾ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അധ്യാപകനും വിദ്യാർത്ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ളാസുകളാണ് അടുത്ത ഘട്ടം. കോവിഡ് കാലഘട്ടത്തിന്റെ പരിമിതിക്കുള്ളിൽ നിന്നു തന്നെ പരമാവധി മികച്ച രീതിയിൽ ഓൺലൈൻ ക്‌ളാസുകൾ നടത്താനാണ് പരിശ്രമം.
ഓൺലൈൻ വിദ്യാഭ്യാസത്തിലെ കരുതൽ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതാണ്.
പ്രയാസം തുറന്നുപറഞ്ഞ അഭയ് അഭിനന്ദനം അർഹിക്കുന്നു. അഭയ് കൃഷ്ണയുമായി സംസാരിച്ചു .എല്ലാ ആശംസകളും നേർന്നു

You may also like

Leave a Comment

You cannot copy content of this page