തിരുവനന്തപുരം : പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്.അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നല്‍കുന്നത്. ജൂണില്‍ അവസാനിച്ച പദ്ധതിയുടെ ആനുകൂല്യം നവംബര്‍ വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റവും മികച്ചരീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. മേയ് മാസത്തെ വിതരണം സംസ്ഥാനം പൂര്‍ത്തിയാക്കിയിരുന്നു.
മുന്‍ഗണനാകാര്‍ഡ് കൈവശമുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോ ഭക്ഷ്യധാന്യത്തിന് അര്‍ഹതയുണ്ട്. കേരളത്തില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന 1,54,80,000 പേരുണ്ട്.
മേയ് മാസത്തില്‍ കേന്ദ്രം അനുവദിച്ച 77,400 മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ 74015.68 മെട്രിക്ക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (95.62 ശതമാനം) കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്തു. ജൂണ്‍ മാസത്തിലെ വിഹിതത്തില്‍ 70317.88 മെട്രിക്ക് ടണ്‍ (90.85 ശതമാനം) ജൂലൈ മൂന്ന് വരെ വിതരണം ചെയ്തിട്ടുണ്ട്.
വിഹിതം ലഭിക്കില്ലെന്ന വ്യാപകമായ കുപ്രചരണം കേരളത്തില്‍ പല ഭാഗത്തും നടക്കുന്നു. പിഎംജികെഎവൈ റേഷന്‍ വിതരണം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്നവിത്രാന്‍ പോര്‍ട്ടലിലും സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ e.pos.kerala.gov.in എന്ന ലിങ്കിലും ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പിലായ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് കേരളത്തിലെ ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാനാവും. ഈ സംവിധാനം കേരളത്തിലെ കാര്‍ഡുടമകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനാല്‍ ചില റേഷന്‍ കടകളില്‍ അനുവദിച്ചുകൊടുത്ത സ്റ്റോക്ക് തീര്‍ന്നുപോകുന്ന സാഹചര്യമുണ്ട്. അത്തരം സാഹചര്യങ്ങളില്‍ സമീപത്തുള്ള മറ്റു റേഷന്‍ കടകളില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാം. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്റ്റോക്കുള്ള കടകളില്‍ നിന്നും സ്റ്റോക്ക് തീര്‍ന്ന കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.