വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍: മന്ത്രി സജി ചെറിയാന്‍

by admin

post

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കുമെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് തൈക്കാട്ടുശ്ശേരി- പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി  100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മികച്ച ജലാശയ സംരക്ഷണ പദ്ധതിയായി വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയെ മാറ്റും.  കായലിനെ മാലിന്യമുക്തമാക്കി നവീകരിച്ച് തനതായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കായലിന്റെ പരമ്പരാഗത മത്സ്യസമ്പത്തു സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ജനകീയ പങ്കാളിത്തതോടെ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് തല കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി പ്രത്യേക സമിതികള്‍ രൂപീകരിച്ച് ജനകീയ പങ്കാളിത്തത്തോടെ നവംബര്‍- ഡിസംബര്‍ മാസങ്ങളിലായി  ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ആര്‍.കെ.  എഫ്. എന്ന പേരില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് രൂപീകരിച്ചിരിക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുമായി ചേര്‍ന്നാണ് നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ 375 ഓളം തോടുകള്‍ ശുചീകരിക്കാനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

യോഗത്തില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു, അഡ്വ.എ. എം. ആരിഫ് എം.പി., തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, കെ. രാജപ്പന്‍ നായര്‍, എം.കെ. ഉത്തമന്‍ , സി.പി. വിനോദ് കുമാര്‍, പി.കെ. സാബു, എം.പി. ഷിബു, പി. ശശിധരന്‍ നായര്‍, ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

Leave a Comment

You cannot copy content of this page