പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

by admin

post

ആലപ്പുഴ: സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരിപ്പുഴ കൊച്ചുപാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് പൊതുജനങ്ങള്‍ക്ക് നേരിട്ട് വകുപ്പിനെ സംബന്ധിച്ച പരാതികള്‍ അറിയിക്കാനായി ഒരുക്കിയിരിക്കുന്ന പി.ഡബ്ലിയു.ഡി. ഫോര്‍ യൂ ആപ്ലിക്കേഷന്‍. 7500 പരാതികളാണ് ഇതുവരെ ഇതിലൂടെ ലഭിച്ചത്. ജനങ്ങളെ വകുപ്പിന്റെ കാവല്‍ക്കാരാക്കുന്ന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ പൊതുമരാമത്തു വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജനപ്രതിനിധികളുടെ വിപുലമായ യോഗം ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്താകമാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമനപരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. റോഡുകള്‍ സംബന്ധിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമായ പൈപ്പ് ലൈനിന്റെ അറ്റകുറ്റ പണികള്‍ക്കായി റോഡ് പൊളിക്കുന്നത് ഒഴിവാക്കാനുള്ള ശാശ്വത പരിഹാരം കാണും. ഇതിനായി വകുപ്പുകളെ ഏകോപ്പിപ്പിച്ച് പോര്‍ട്ടല്‍ സംവിധാനം ഒരുക്കും. കുതിരാന്‍ തുരങ്കത്തിലൂടെയുള്ള ഗതാഗതം സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഓഗസ്റ്റ് മാസത്തോടെ കുതിരാനിലെ ഒരു ടണല്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

തട്ടാരമ്പലം -തൃക്കുന്നപ്പുഴ റോഡില്‍ ഇടുങ്ങിയതും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലും ആയിരുന്ന കരിപ്പുഴ കൊച്ചുപാലം 4.16 കോടി രൂപ ചെലവഴിച്ചാണ് പുനര്‍നിര്‍മിച്ചത്. മാവേലിക്കര നഗരത്തെയും ദേശീയ പാത 66 നെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് കരിപ്പുഴ കൊച്ചുപാലം. ആര്‍.സി.സി. ഇന്റഗ്രല്‍ സോളിഡ് സ്ലാബ് എന്ന രീതിയിലാണ് പാലത്തിന്റെ രൂപകല്പന. ഒരു സ്പാനുള്ള പാലത്തിന്റെ നീളം 15 മീറ്ററാണ്. രണ്ടുവരി വാഹന ഗതാഗതത്തിനായി 7.50 മീറ്റര്‍ വീതിയുള്ള കാര്യേജ് വേയും 1.25 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളില്‍ നടപ്പാതയും ഉള്‍പ്പടെ 10.50 മീറ്ററാണ് പാലത്തിന്റെ വീതി. എട്ട് മാസം കൊണ്ടാണ് പഴയ പാലം പൊളിച്ചുനീക്കി പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

You may also like

Leave a Comment

You cannot copy content of this page