കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേ ഷന്‍ ‘മാതൃകവച’ത്തിന് തുടക്കമായി

by admin

ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 വാക്സിനേഷന്‍ പരിപാടി ‘മാതൃകവചം’ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നലെ 38 ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍കുമാര്‍, ആര്‍.എം.ഒ ഡോ.മെറീന പോള്‍ എന്നിവര്‍  നേതൃത്വം നല്‍കി.
               

ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹോമിയോ ആയുര്‍വേദ, കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ചടയമംഗലം ഹോമിയോ, ആയുര്‍വേദ ഡിസ്‌പെന്‍സറികളിലാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക്  ക്ലിനിക്കില്‍ നേരിട്ടെത്തി ചികിത്സ തേടാം. ടെലി മെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കള്‍, ശനി ദിവസങ്ങളിലാണ് ഹോമിയോ ഡോക്ടറുടെ സേവനമുള്ളത്. ആയുര്‍വേദ പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ എല്ലാദിവസവും ഡോക്ടറുടെ സേവനം ലഭ്യമാണ്. ആയുര്‍വേദ ക്ലിനിക്ക് സേവനങ്ങള്‍ക്ക് 9447091388 നമ്പരിലും ഹോമിയോയ്ക്ക് 9447551752 നമ്പരിലും ബന്ധപ്പെടാം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തിവരുന്നു.  കോവിഡ് ബാധിതരുടെ വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുക, പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ആവശ്യമായ പ്രതിരോധമരുന്നുകള്‍ എത്തിച്ചു നല്‍കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ്   നടത്തിവരുന്നതെന്ന് പ്രസിഡന്റ് ജെ. വി ബിന്ദു പറഞ്ഞു.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കടയ്ക്കാമണ്‍ കോളനി കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.  കോളനിയില്‍ മാത്രം 22 പോസിറ്റീവ് രോഗികളുണ്ട്. കോളനിയിലെ പോസിറ്റീവ് രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനായി വാര്‍ഡുതല നിരീക്ഷണസമിതികളുടെയും ആര്‍.ആര്‍.ടികളുടെയും പ്രവര്‍ത്തനം വിപുലപ്പെടുത്തി. പോസിറ്റീവ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുക, പൂര്‍ണ്ണമായും ക്വാറന്റൈനില്‍ ഇരുത്തുക, ആവശ്യമായ മരുന്നും ഭക്ഷ്യസാധനങ്ങളും എത്തിക്കുക, ആളുകളെ കൃത്യമായി ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡുതല നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് സെക്രട്ടറി ഈശ്വരദാസ് പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page