ജൂലൈ 31 ന് തിരുവനന്തപുരം സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭയാകും, തീരുമാനം പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ*
ജൂലൈ 31ന് തിരുവനന്തപുരത്തെ സമ്പൂർണ്ണ ഓൺലൈൻ പഠന സൗകര്യമുള്ള നഗരസഭയായി പ്രഖ്യാപിക്കാൻ തീരുമാനം. കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
നഗരസഭയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികൾക്ക് ജൂലൈ 31നകം പഠനോപകരണം ലഭ്യമാക്കണം. സ്കൂൾ തല സമിതികൾ യോഗം ചേർന്ന് ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമിതി രൂപീകരിക്കാത്ത സ്കൂളുകൾ അടിയന്തരമായി സമിതി രൂപീകരിച്ച് പട്ടിക തയ്യാറാക്കണം. ഈ പട്ടിക പ്രകാരം ഇതുവരെ ഓൺലൈൻ പഠനോപകരണങ്ങൾ ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്തി ഉപകരണം ലഭ്യമാക്കണം.സ്കൂള്‍തല സമിതിക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വനിധി, സഹകരണ സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ ധനസഹായം, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ തത്പരര്‍ തുടങ്ങിയ നാട്ടിലുള്ള വിപുലമായ സാധ്യതകള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലക്ഷ്യത്തിലെത്താന്‍ കഴിയണം.
കക്ഷി- രാഷ്ട്രീയ ഭേദമില്ലാതെ കൗൺസിലർമാർ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നതിനെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. നഗരസഭാ മേയർ എസ് ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ നവജോത് ഖോസ ഐഎഎസ്, തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടർ സന്തോഷ്‌കുമാർ എസ്,നഗരസഭയിലെ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.