വിതരണത്തിന് തയ്യാറായി മേയ് മാസ സൗജന്യ കിറ്റുകള്‍

by admin

post

തുണിസഞ്ചി ഉള്‍പ്പെടെ 12 ഇനങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കും കിറ്റ്

പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറാകുന്നു. ജില്ലയുടെ വിവിധ ഭാഗത്തായിട്ടുള്ള 73 സെന്ററുകളിലാണ് കിറ്റ് നിറയ്ക്കല്‍ അതിവേഗം പുരോഗമിക്കുന്നത്.

ജില്ലയില്‍ ആകെ 3,51,436 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. മഞ്ഞ കാര്‍ഡുള്ള (എഎവൈ) 23,887 പേര്‍, പിങ്ക് കാര്‍ഡുള്ള 1,08,671 പേര്‍, നീല കാര്‍ഡുള്ള 97,289 പേര്‍, വെള്ള കാര്‍ഡുള്ള 1,21,589 പേര്‍ എന്നിങ്ങനെയാണ് കിറ്റ് വിതരണം ചെയ്യാനുള്ളത്.

ഇതിനുപുറമെ 5000 അതിഥി തൊഴിലാളികള്‍ക്കും സൗജന്യ കിറ്റ് ലഭ്യമാക്കും. അര കിലോ വീതം ചെറുപയര്‍, ഉഴുന്ന്, കാല്‍ കിലോ വീതം തുവരപ്പരിപ്പ്, കടല, ഒരു കിലോ വീതം പഞ്ചസാര, ആട്ട, ഉപ്പ്, അര ലിറ്റര്‍ വെളിച്ചെണ്ണ, ഒരു തുണിസഞ്ചി, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ അടങ്ങിയ 12 ഇന വിഭവങ്ങളാണ് മേയ് മാസ സൗജന്യ കിറ്റില്‍ ലഭിക്കുക.

അഞ്ച് കിലോ അരി, രണ്ട് കിലോ കടല, രണ്ട് കിലോ ആട്ട, ഒരു കിലോ ഉപ്പ്, ഒരു ലിറ്റര്‍ സണ്‍ഫ്ളവര്‍ എണ്ണ, ഒരു കിലോ തുവരപരിപ്പ്, ഒരു കിലോ വലിയ ഉള്ളി, ഒരു കിലോ ഉരുളക്കിഴങ്ങ്, 100 ഗ്രാം മുളകുപൊടി, അഞ്ച് മാസ്‌ക് എന്നിവയാണ് അതിഥി തൊഴിലാളികള്‍ക്കുള്ള സൗജന്യ കിറ്റിലെ വിഭവങ്ങള്‍. തയ്യാറായ കിറ്റുകള്‍ ഇതിനോടകം തന്നെ റേഷന്‍ കടകളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

You may also like

Leave a Comment

You cannot copy content of this page