തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു ആവശ്യപ്പെട്ടു രമേശ് ചെന്നിത്തല രാഷ്ട്രപതി ക്ക് ഇന്ന് കത്ത് അയച്ചു. ലക്ഷദ്വീപില്‍ ഒരു പ്രത്യേക സംസ്‌കാരമുണ്ടെന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്ട്രേറ്റര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. അവിടെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുന്നതാണ്. അവ ലക്ഷദ്വീപിന്റെ പ്രത്യേകതകളെ ഇല്ലാതാക്കുന്നവയാണ്. എത്രയോ ആളുകള്‍ അഡ്മിനിസ്ട്രേറ്ററായി ഇരുന്നിട്ടുണ്ട്. അവരാരും ചെയ്യാത്ത ഒരു നടപടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം. കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതിയും ഇടപെടണം. അവിടുത്തെ സാധാരണക്കാരും പാവപ്പെട്ട ജനങ്ങളാണ് അവിടെ ഉള്ളത്. അവരുടെ ഈ ആവശ്യത്തെ അംഗീകരിക്കാതെ പോകുന്നത് ശരിയല്ല. ദ്വീപു സമൂഹത്തിലെ ജനങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും മാനിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര ഗവണ്‍മെന്റും തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.