ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; കേരളത്തില്‍ കനത്ത മഴ

by admin
അറബിക്കടലില്‍ ഇന്നലെ രൂപംകൊണ്ട ന്യൂനമര്‍ദം  ഇന്ന് ഉച്ചയോടെ  തീവ്രന്യൂനമര്‍ദമായി മാറി . രാത്രിയോടെയാണ് തീവ്രത കൈവരിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ന്യൂനമര്‍ദത്തിനു ശക്തിയും വേഗതയും കൂടുതലാണെന്നാണ് വ്യക്തമാകുന്നത്. ഈ തീവ്രന്യൂനമര്‍ദം നാളെ പുലര്‍ച്ചയോടെ ടൗട്ടെ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും.
 ഞായറാഴ്ചയോടെ മാത്രമേ തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറൂ എന്നാണ് നേരത്തെ ഉണ്ടായിരുന്ന അറിയിപ്പ്. ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ കേരളത്തില്‍ മഴ തുടരും. ശക്തമായ കാറ്റുണ്ടാകും. കര്‍ണാടക തീരത്തുവച്ചായിരിക്കും ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി മാറുക.
കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ പൊതുവെ അതിതീവ്രമഴ, കടല്‍ക്ഷോഭം, ഇടിമിന്നല്‍ എന്നിവയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. കടല്‍ പ്രക്ഷുബ്ധമാകും. തീരപ്രദേശ മേഖലകളില്‍ കൂടുതല്‍ ജാഗ്രത വേണം.
അതിതീവ്ര മഴയ്ക്കുള്ള (റെഡ് അലര്‍ട്ട്) സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്.

You may also like

Leave a Comment

You cannot copy content of this page